മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്.  പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്
Nov 6, 2026 11:29 PM | By PointViews Editor

കണ്ണൂർ  : പ്ലൂവിയ വരുന്നു. കാത്തിരിക്കുകയാണ് ആഗോള വിപണി. പശ്ചിമഘട്ടത്തിൻ്റെ തനത് ചൂരുള്ള നല്ല, പ്യുവർ റെയിൻ വാട്ടർ ബോട്ടിൽ ചെയ്ത കുടിവെള്ളമാക്കി അതിനെ 'പ്ലൂവിയ' എന്ന് പേരിട്ടാണ് അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള  വരവ്‌. മഴവെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള  പ്രവാസി മലയാളികളുടെ പ്രൊജക്ടാണ്  പൂർത്തിയാകുന്നത്. പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കി മാർക്കറ്റിങ്ങിന് ഒരുങ്ങിക്കഴിഞ്ഞു. മഴ എന്ന് അർഥം വരുന്ന ലാറ്റിൻ വാക്കായ പ്ലൂവിയ എന്ന പേരിലാണ് മഴവെള്ളം അന്താരാഷ്ട്ര വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തിൽ പ്ലൂവിയ സ്‌റ്റിൽ  ആണ് വിദേശ മാർക്കറ്റിൽ എത്തിക്കുക. തൊട്ടു പിന്നാലെ പ്ലൂവിയ സ്‌പാർക്ലിങും എത്തും. ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് പട്ടണങ്ങളിലും വെള്ളം ലഭ്യമാക്കാൻ ആലോചനയിലുണ്ട്. സംസ്ഥാന വ്യവസായ വകുപ്പ് ഇക്കാര്യങ്ങളിൽ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നിലവിൽ മഴ വെള്ളം കുപ്പിയിലാക്കി വിൽക്കുന്ന ഒരേയൊരു കമ്പനി മാത്രമാണ് ലോകത്തുള്ളത് - യുഎസ്എയിലെ റിച്ചാഡ്‌സ് റെയിൻ വാട്ടർ. ആഗോളതലത്തിൽ  രണ്ടാമത്തെയും ഏഷ്യയിൽ ആദ്യത്തേതുമാണ് കണ്ണൂർ ജില്ലയിലെ കേളകത്ത് പ്ലൂവിയ റെയിൻ വാട്ടർ. റിജോ ചാക്കോ മാനേജിങ് ഡയറക്‌ടറും ജെയ്‌സൺ ജോസഫ്, റോബിൻ സി ജോയ്, ഡിബിൻ സി ബെന്നി, ബെന്നി സി മാത്യു എന്നിവർ ഡയറക്ട‌ർമാരുമായ കേരള റെയിൻ വാട്ടർ ഹാർവെസ്‌റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്ലൂവിയ ഉൽപാദിപ്പിക്കുന്നത്. പശ്ചിമ ഘട്ടത്തിലെ വന മേഖലയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മഴവെള്ളം റിവേഴ്‌സ് ഓസ്മോസിസ് ചെയ്യാതെ ശുദ്ധീകരിച്ച് മാർക്കറ്റിലെത്തിക്കുകയാണ് പദ്ധതി. 500 മില്ലിയുടെ കുപ്പികളിലാണ് ലഭിക്കുക. എയർപോർട്ടുകൾ, പ്രീമിയം ഹോട്ടലുകൾ, വൻകിട സൂപ്പർ മാർക്കറ്റുകൾ എന്നിവ മുഖാന്തിരമാണ് ഈ വെള്ളം മാർക്കറ്റ് ചെയ്യാൻ പദ്ധതിയുള്ളത്. വന മേഖലയിൽ നിന്ന് ശേഖരിക്കുന്ന മഴവെള്ളമായതിനാൽ ഓക്സിജൻ്റെയും കാർബൺ ഡയോക്സൈഡിന്റെയും സാന്നിധ്യം വെള്ളത്തിനെ രുചികരമാക്കും. വിദേശ രാജ്യങ്ങളിലെ മാർക്കറ്റ് ലക്ഷ്യമാക്കി വിൽപനയ്ക്ക് എത്തിക്കുന്ന വെള്ളത്തിന് 3 ഡോളറാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിട്ടുള്ളത്. മഴവെള്ളത്തിന്റെ തനത് രുചി നിലനിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് ലക്ഷം ബോട്ടിൽ വെള്ളം ആദ്യ ഘട്ടത്തിൽ വിപണിയിൽ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പരമാവധി നാല് മാസം മാത്രമാണ് മഴവെള്ളം ശേഖരിക്കാൻ കഴിയുക. ഈ വെള്ളത്തിന്റെ ടിഡിഎസ് (ടോട്ടൽ ഡിസോൾവ്‌ഡ് സോളിഡ്‌സ്) സീറോ (പൂജ്യം) ആക്കിയാണ് പ്ലൂവിയ മാർക്കറ്റിൽ എത്തിക്കുന്നത്.

ബോട്ടിൽ ചെയ്‌ത മഴ വെള്ളം അഞ്ച് വർഷം വരെ സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത് എങ്കിലും പ്ലൂവിയ രണ്ട് വർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മാർക്കറ്റിലെ ആവശ്യകത പഠിച്ച ശേഷം ആവശ്യമെങ്കിൽ നാട്ടുകാരിൽ നിന്ന് മഴവെള്ളം ശേഖരിച്ച് ബോട്ടിൽ ചെയ്യാനും പദ്ധതിയുണ്ട്.  നാട്ടുകാരിൽ നിന്ന് മഴവെള്ളം സംഭരിക്കുന്നതിനായി മുൻകരുതലുകളും പരിശോധനാ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ആ പദ്ധതി വിജയകരമായാൽ നാട്ടുകാർക്ക് മഴവെള്ളത്തിൽ നിന്ന് വരുമാനവും നേടാനാകും. കണ്ണൂരിൻ്റെ മലയോര മേഖലയായ കേളകത്തിൻ്റെയും കൊട്ടിയൂരിൻ്റെയും കാർഷിക പാരമ്പര്യത്തിൽ വളർന്ന പുതു തലമുറയിൽ നിന്നുള്ളവരാണ് സംരംഭകർ. വിദേശത്തെ തൊഴിൽ മേഖലയിൽ ഒതുങ്ങാതെ തീർത്തും വ്യത്യസ്തമായ ഒരു ലക്ഷ്യത്തോടെ സ്വന്തം ജന്മനാട്ടിലാണ് ഈ ആഗോള ശ്രദ്ധയാകർഷിക്കുന്ന അപൂർവ്വ സംരംഭം അവർ ആരംഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ തനിമയുള്ള മഴവെള്ളം വിൽപനയ്ക്കെത്തിക്കുക എന്ന സാഹസികമായ ഉദ്യമത്തിന് മുതിർന്ന കർഷക പുത്രൻമാരുടെ സംരംഭം കൂടുതൽ വിദേശ നാണയം കേരളത്തിൻ്റെ പ്രത്യേകിച്ച് കണ്ണൂരിൻ്റെ ഉൾഗ്രാമങ്ങളിലെ സാധാരണക്കാരുടെ കൈകളിലെത്തിക്കുക എന്ന പ്രവർത്തനം കൂടിയാണ് അവർ ലക്ഷ്യമിടുന്നത്. പശ്ചിമഘട്ട മലനിരകളും മഴയും വലിയ വ്യവസായ സാധ്യതയാണ് തുറന്നുകൊടുക്കുന്നത്. പശ്ചിമ ഘട്ടത്തിലെ വനാതിർത്തി മേഖലയോട് ചേർന്ന് നിർമിച്ചിട്ടുള്ള പ്ലാൻ്റിൻ്റെ പണികൾ പൂർത്തിയാക്കി കഴിഞ്ഞു. പ്രകൃതി ദത്തമായ ഭൂഗർഭ ജലം  കുപ്പികളിലാക്കി പല ബ്രാൻഡുകളിൽ വിൽപന നടത്തുന്ന വിദേശ കമ്പനികൾ ധാരാളമുണ്ട്. മിനറൽ വാട്ടർ എന്ന പേരിൽ നൂറു കണക്കിന് കമ്പനികളാണ് വെള്ളം കുപ്പിയിലാക്കി ഇന്ത്യയിൽ തന്നെ വിൽപന നടത്തുന്നത്. മഞ്ഞ് ഉരുക്കിയ വെള്ളവും ചതുപ്പ് പ്രദേശങ്ങളിലെ നീറുറവകളിൽ നിന്ന് ശേഖരിച്ചതെന്ന പ്രചരണത്തോടെ വെള്ളം കുപ്പിയിലാക്കി വിൽക്കുന്ന വിദേശ കമ്പനികൾ വരെയുണ്ട്. അര ലീറ്റർ വെള്ളത്തിന് 4 ഡോളർ മുതൽ എട്ട് ഡോളർ വരെയാണ് അവർ വില ഈടാക്കുന്നത്. എന്നാൽ വെള്ളത്തിൽ ഏറ്റവും രുചികരമായത് മഴ വെള്ളമാണ്. അത് തനിമ നഷ്ട്‌ടപ്പെടാതെ സംഭരിക്കാനും രുചി വ്യത്യാസമില്ലാതെ മാർക്കറ്റിൽ എത്തിക്കാനും നടത്തുന്ന ഈ ശ്രമം ഭാവിയിൽ നാട്ടിൻ പുറത്തെ ജനങ്ങൾക്ക് ഒരു വരുമാന മാർഗം കൂടിയാകും എന്ന പ്രതീക്ഷയുണ്ടെന്ന് മാനേജിങ് ഡയറക്‌ടർ റിജോ ചാക്കോ പറയുന്നു.

/ ഷിജിന സുരേഷ് /

Asia’s first company to bottle rainwater and sell it as drinking water is located in Kelakam, Kannur, Kerala. 'Pluvia Still' is set to enter the international market soon.

Related Stories
സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

Nov 6, 2026 07:57 AM

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ...

Read More >>
അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

Nov 6, 2026 06:12 AM

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ...

Read More >>
ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

Nov 5, 2026 06:14 PM

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ...

Read More >>
ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

Nov 5, 2026 03:46 PM

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ...

Read More >>
കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.

Nov 5, 2026 11:13 AM

കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.

കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച്...

Read More >>
തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

Nov 4, 2026 07:17 AM

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം...

Read More >>
Top Stories